കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി വ്യാഴാഴ്‌ച ആശുപത്രി സന്ദർശിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആശുപത്രി സന്ദർശിക്കുക.
വിംസ് മെഡിക്കൽ കോളജ് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ച് ഡോ ആസാദ് മൂപ്പൻ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ വിലയിരുത്തുന്ന സമിതി മൂന്നാഴ്‌ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളജിന് സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250 കോടി രൂപ തനിക്ക് കുറച്ച് നൽകിയാൽ മതിയെന്നും ആസാദ് മൂപ്പൻ അറിയിച്ചിരുന്നു.
വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ മെഡിക്കൽ കോളജ് വിട്ടുനൽകാൻ ഉടമ സന്നദ്ധത അറിയിച്ചത്. രണ്ട് മെഡിക്കൽ കോളജുകൾക്ക് വയനാട്ടിൽ സാധ്യത ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചതെന്ന് ഡോ. ആസാദ് മൂപ്പൻ പറയുന്നു. യുഡിഎഫ് സർക്കാർ മെഡിക്കൽ കോളജിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം നിർമാണം സാധ്യമല്ലെന്നാണ് എൽഡിഎഫ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.