വയനാട്: വൈത്തിരിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതിയിൽ പാർട്ടി പ്രവർത്തകർക്ക് വിശദീകരണം നൽകാൻ വൈത്തിരി ഏരിയ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു. യുവതിയുടെ ഭർത്താവാണ് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് എതിരെ പൊലീസിൽ പരാതി നൽകിയത്. മരണം നടന്നത് വൈത്തിരി പഞ്ചായത്ത് പരിധിയിൽ ആയതിനാൽ ഏരിയ കമ്മിറ്റിയുടെ കീഴിലെ മുഴുവൻ അംഗങ്ങൾക്കും പരാതി സംബന്ധിച്ച് വിശദീകരണം നൽകുമെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. തുടർന്ന് അടുത്ത ദിവസം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്താൻ തീരുമാനിച്ചു.
കഴിഞ്ഞ മാസം 21നാണ് വൈത്തിരിയില്‍ ജോണിന്‍റെ ഭാര്യ സക്കീനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജോലി ശരിയാക്കി തരാമെന്നു വാഗ്ദാനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സക്കീനയെ പലയിടത്തേക്കും കൊണ്ടുപോയിട്ടുണ്ടെന്നും ഇത് ആരോടും പറയാതിരിക്കാൻ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭർത്താവ് ജോൺ നൽകിയ പരാതിയിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് കേസിൽ അന്വേഷണ ചുമതല.