വയനാട്: ഇന്ന് ലോകമുളദിനം. കഴിഞ്ഞ 20 വർഷത്തിലേറെയായി മുളയുടെയും മുള ഉൽപ്പന്നങ്ങളുടെയും വ്യാപനത്തിന് പ്രവർത്തിക്കുന്ന സംഘടനയാണ് വയനാട്ടിലെ ഉറവ്. ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഉറവിന്‍റെ സഹകരണത്തോടെ മുള നട്ടുവളർത്താനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.
സുസ്ഥിരമായ രീതിയിൽ ഗ്രാമീണ ജനതയുടെ ഉപജീവന മാർഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ വയനാട്ടിലെ തൃക്കൈപറ്റയിൽ 1996ലാണ് ഉറവ് തുടങ്ങിയത്. മുളയെ പറ്റിയുള്ള അറിവിന്‍റെ കേന്ദ്രമാണ് ഇവിടം. അമ്പതിലധികം ഇനത്തിലുള്ള മുളകളാണ് ഉറവിൽ നട്ടുവളർത്തി സംരക്ഷിക്കുന്നത്. മുള കൊണ്ടുള്ള ഫർണിച്ചുകളും ആഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം ഇവിടെ ഉല്പാദിപ്പിക്കുന്നു. ബദൽ മാർഗത്തിലൂടെ പരിസ്ഥിതി സംരക്ഷണവും ഗ്രാമീണർക്ക് ജീവിതോപാധിയും നൽകുകയാണ് ഉറവ്.