വയനാട്: സുൽത്താൻ ബത്തേരി വാകേരിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കഴിഞ്ഞ ഇരുപത് ദിവസത്തോളമായി വാകേരി ഏദൻവാലി എസ്റ്റേറ്റിൽ ഭീതിപരത്തിയ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാകപ്പെട്ടത്. കഴിഞ്ഞ ആഴ്‌ച എസ്റ്റേറ്റിലെ വളർത്തു നായയെ കടുവ കടിച്ചു കൊന്നിരുന്നു.
പിന്നീട് പല തവണ എസ്റ്റേറ്റ് തൊഴിലാളികൾ കടുവയെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് ഭീതിയിലായ എസ്റ്റേറ്റ് തൊഴിലാളികൾ പണി ഉപേക്ഷിച്ച് സമരം നടത്തുകയും കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് വനംവകുപ്പ് ഇന്നലെ(19.07.2022) കൂട് സ്ഥാപിച്ചത്. ഇന്ന് (20.07.2022) രാവിലെ 11 മണിയോടെയാണ് കടുവ കൂട്ടിലായത്.
പിടികൂടിയ കടുവയെ ബത്തേരിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.