വയനാട് : മാനന്തവാടി പുതുശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടി. കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോപ്പിനുള്ളില്‍ വച്ചാണ് കടുവയെ പിടികൂടിയത്. ആറുതവണയാണ് വന്യമൃഗത്തെ വെടിവച്ചത്.
വെടിയേറ്റ് അര മണിക്കൂറിനുള്ളില്‍ കടുവ മയങ്ങി. തുടര്‍ന്ന്, കൂട്ടിലേക്ക് മാറ്റിയ ഇതിനെ കുപ്പാടിയിലേക്ക് കൊണ്ടുപോവുമെന്നാണ് വിവരം. കര്‍ഷകനെ കൊന്ന കടുവ തന്നെയാണ് പിടിയിലായതെന്ന് വയനാട് ജില്ല വനംവകുപ്പ് ഓഫിസര്‍ അറിയിച്ചു. അതേസമയം, ഇന്ന് ഉച്ചയ്‌ക്ക് മാനന്തവാടി പിലാക്കാവില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുക്കിടാവ് ചത്തു. പിലാക്കാവ് മണിയന്‍കുന്ന് സ്വദേശി ഉണ്ണിയുടെ വളര്‍ത്തുമൃഗമാണ് ചത്തത്.
ALSO READ| കടുവയുടെ ആക്രമണം : പുതുശ്ശേരിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
പുതുശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പള്ളിപ്പുറത്ത് തോമസാണ് (50) ജനുവരി 12ന് മരിച്ചത്. ഇതേദിവസം രാവിലെ വീടിന് സമീപത്തുവച്ചാണ് ഇയാളെ കടുവ ആക്രമിച്ചത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.