വയനാട്: കടുവയുടെ ആക്രമണത്തിൽ മാനന്തവാടിയിൽ കർഷകൻ മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയരുന്നു. മാനന്തവാടിയിൽ യുഡിഎഫ്, ബിജെപി ഹർത്താൽ തുടരുകയാണ്. വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡിഐജി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നടക്കം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മരിച്ച കർഷകന്‍റെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് സഹോദരന്‍ സണ്ണി പള്ളിപ്പുറത്തടക്കമുള്ള ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. നഷ്‌ടപരിഹാര തുക വര്‍ധിപ്പിക്കുക, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുക, കടുവയെ ഉടന്‍ പിടികൂടുക എന്നീ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നാണ് ആവശ്യം.
ഇതിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇന്നലെയാണ് കടുവയുടെ ആക്രമണത്തിൽ പുതുശ്ശേരി സ്വദേശി തോമസ് മരണപ്പെട്ടത്. ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രദേശത്ത് കടുവക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവലിന്‍റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വിവിധ സംഘങ്ങളായി പിരിഞ്ഞാണ് വെള്ളാരംകുന്നിലും സമീപ പ്രദേശങ്ങളിലും വനപാലകര്‍ തെരച്ചില്‍ നടത്തുന്നത്. മുത്തങ്ങയില്‍ നിന്നെത്തിച്ച സുരേന്ദ്രനെന്ന കുങ്കിയാനയും തെരച്ചില്‍ സംഘത്തോടൊപ്പമുണ്ട്.
ഇന്നലെ നിരീക്ഷണ കാമറകളും കൂടും സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ എട്ട് കിലോ മീറ്റര്‍ ദൂരെയുള്ള വനത്തില്‍ നിന്നും അപ്രതീക്ഷിതമായി കടുവ നാട്ടിലിറങ്ങിയതിന്‍റെ ഭയാശങ്കയിലാണ് നാട്ടുകാർ.