വയനാട്: ചീരാലിലും കൃഷ്‌ണഗിരിയിലും വീണ്ടും കടുവയുടെ ആക്രമണം. ചീരാലിൽ ഇന്നലെ (ഒക്‌ടോബർ 24) പശുവിനെ ആക്രമിച്ചതോടെ പ്രദേശത്ത് ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിനിരയാകുന്ന പശുക്കളുടെ എണ്ണം 11ആയി. സുൽത്താൻബത്തേരി കൃഷ്‌ണഗിരിയിലും ഇന്നലെ രണ്ട് ആടുകളെ കടുവ കൊന്നു.
ചീരാലിൽ അയിലക്കാട് സ്വദേശി രാജഗോപാലിന്‍റെ പശുവിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാർ ശബ്‌ദമുണ്ടാക്കിയതിനെ തുടർന്ന് കടുവ ഓടിപ്പോയെങ്കിലും പശുവിന് ഗുരുതരമായി പരിക്കേറ്റു. വയനാട് കൃഷ്‌ണഗിരിയിൽ ഇന്നലെ പുലർച്ചെ മലന്തോട്ടം കിഴക്കേക്കര രാജുവിന്‍റെ രണ്ട് ആടുകളെ കടുവ കൊന്നു.
രണ്ടാഴ്‌ച മുമ്പ് പ്രദേശത്ത് ചീരക്കുഴി അസീസ് എന്നയാളുടെ മൂന്ന് ആടുകളെയും കടുവ കൊന്നിരുന്നു. ബത്തേരി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കടുവയുടെ ആക്രമണം പതിവായിട്ടും കടുവയെ പിടികൂടാനോ കാട്ടിലേക്ക് തുരത്താനോ വളർത്തുമൃഗങ്ങൾക്ക് സുരക്ഷയൊരുക്കാനോ കഴിയാതായതോടെ വനം വകുപ്പിനെതിരെ, കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ.
ഇതോടെ പഴൂരിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായി സുൽത്താൻ ബത്തേരി-ഊട്ടി റോഡ് ഉപരോധിച്ച ജനങ്ങൾ, വനംവകുപ്പിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങൾ മുഴക്കി. ഇന്ന് 10 മണി മുതൽ പ്രദേശത്ത് രാപ്പകൽ സമരവും പ്രഖ്യാപിച്ചു.