വയനാട്: കഴിഞ്ഞ പ്രളയം ജില്ലയിൽ ഏറ്റവും നാശം വിതച്ചത് മേപ്പാടി പഞ്ചായത്തിലാണ്. ഉരുൾപൊട്ടലിൽ 17 ജീവനുകളാണ് മണ്ണിനടിയിൽ മറഞ്ഞത്. വീട്ടുവാടക പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവർ. ഇവർക്ക് താങ്ങാകാൻ സുമനസുകളുടെ സഹായം തേടുകയാണ് പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവര്‍.
144 വീടുകളാണ് കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ മേപ്പാടി പഞ്ചായത്തിൽ പൂർണമായും തകർന്നത്. ഉരുൾപൊട്ടലുണ്ടായ പച്ചക്കാട് പുത്തുമല മേഖലയിൽ മാത്രം 106 വീടുകൾ തകർന്നു. കിടപ്പാടം നഷ്ടപ്പെട്ട 63 കുടുംബങ്ങളാണ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി വാടക വീടുകളിൽ കഴിയുന്നത്. 3000 മുതൽ 10,000 രൂപ വരെ വാടകയിനത്തിൽ ഇവർ നൽകണം. എല്ലാം നഷ്ടപ്പെട്ട ഇവർ വാടക നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ്. വാടകയിനത്തിൽ സർക്കാരിൽ നിന്ന് സഹായം കിട്ടില്ല. ഓരോ കുടുംബത്തിനും ആറുമാസം വരെ 3,000 രൂപ വാടക ഇനത്തിൽ നൽകാനാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ ശ്രമം. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായവും മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. വീട് തകർന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.