വയനാട്: വയനാട്ടിലെ കൽപ്പറ്റയിൽ തോട് കയ്യേറി നഗരസഭ പണിത കെട്ടിടം നഗരസഭ തന്നെ പൊളിച്ചു നീക്കുന്നു. കെട്ടിടം രണ്ടുദിവസം കൊണ്ട് പൊളിച്ച് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2015 ലാണ് തോട് കയ്യേറി കൽപ്പറ്റ നഗരസഭ പുതിയ കെട്ടിടം പണിയുന്നത്. കഴിഞ്ഞദിവസം പെയ്തമഴയിൽ കൽപ്പറ്റ നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് നഗരസഭാ കെട്ടിടത്തിലും സമീപമുള്ള എല്ലാ കെട്ടിടങ്ങളിലും വെള്ളം കയറുന്നതിന് കാരണമായി. ഈ സാഹചര്യത്തിലാണ് കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭ തീരുമാനിച്ചത്. തോട് കൈയേറി പണിത മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഉടൻതന്നെ നോട്ടീസ് നൽകും.
ഗൂഡലായി കുന്നിൽ നിന്ന് ഉൽഭവിച്ച് കൽപ്പറ്റ നഗരത്തിലൂടെ ഒഴുകി കബനിയിൽ ചേരുന്ന തോട് കയ്യേറി സിനിമ തിയേറ്ററും, വ്യാപാരസ്ഥാപനങ്ങളുമെല്ലാം പണിതിട്ടുണ്ട്. നഗരത്തിലെ മറ്റു കയ്യേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടികൾ നഗരസഭ തുടരും.