തിരുവനന്തപുരം: സുൽത്താൻബത്തേരി ഗവൺമെന്‍റ് സർവ്വജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷെഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് നല്‍കാനാവാശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അധ്യാപകരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വൈകിട്ട് 3.30ന് ക്ലാസ് മുറിയിലെ ചുവരിനോട് ചേർന്നുള്ള പൊത്തില്‍ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു. ക്ലാസ് മുറികള്‍ നിറയെ പൊത്തുകളാണെന്നും ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യവും അന്വേഷിക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.