വയനാട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈനക്ഷേത്രത്തിന് ദേശീയ സ്മാരക പദവി. പനമരം പുഞ്ചവയലിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ഭരിച്ചിരുന്ന ഹൊയ്സാല രാജാക്കന്മാരാണ് പണി കഴിപ്പിച്ചതെന്നാണ് ഒരു വാദം. ദക്ഷിണ കർണാടകത്തിൽ നിന്ന് വയനാട് വഴി പടിഞ്ഞാറൻ കടൽത്തീരത്ത് പോയി വന്നിരുന്ന കച്ചവട സംഘങ്ങളാണ് ക്ഷേത്രം പണിതതെന്ന അഭിപ്രായവുമുണ്ട്.
ശിലാപാളികളും കരിങ്കൽ തൂണുകളും ഉപയോഗിച്ചാണ് ക്ഷേത്രം പണിതിട്ടുള്ളത്. മുന്നൂറിലധികം കൊത്തുപണികളുണ്ടിവിടെ. ജനാർദ്ദനഗുഡിക്ക് സമീപമുള്ള ജൈന ക്ഷേത്രമായ വിഷ്ണു ഗുഡി 2015ൽ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. ജനാർദ്ദനഗുഡിയുടെ സംരക്ഷണത്തിന് അടുത്ത സാമ്പത്തിക വർഷത്തിൽ ഫണ്ട് വകയിരുത്താനാണ് കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സര്‍ക്കിളിന്‍റെ തീരുമാനം.