വയനാട്ടിലെ കൽപ്പറ്റയിൽ മൂന്നു മാസമായി ശമ്പളമില്ലാതെ തോട്ടം തൊഴിലാളികൾ ദുരിതത്തിൽ. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ശമ്പളവും മറ്റാനുകൂല്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.
കാസർഗോഡ് ചന്ദ്രഗിരി കൺസ്ട്രക്ഷൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. നാലു വർഷമായി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങളോ, മെഡിക്കൽ ആനുകൂല്യങ്ങളോ, ഗ്രാറ്റിവിറ്റിയോ നൽകിയിട്ടില്ല. തൊഴിലാളികളുടെ ലയങ്ങളുടെ അറ്റകുറ്റപ്പണിയും പി.എഫ് വിഹിതവും നാലു വർഷമായി കമ്പനി അടയ്ക്കുന്നില്ലെന്നാണ് ആരോപണം.
ശമ്പളം തുടർച്ചയായി മുടങ്ങിയതോടെ തൊഴിലാളികൾ സമരത്തിലാണ്.എസ്റ്റേറ്റിന് പുറത്ത് കൂലിപ്പണിക്ക് പോയാണ് തൊഴിലാളികളിപ്പോൾ കുടുംബം പുലർത്തുന്നത്. പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ ഉണ്ടാക്കാനാണ് തൊഴിലാളി സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം.