വയനാട്: പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ കടയിൽ നിന്നും വടിവാളുകൾ പിടികൂടി. മാനന്തവാടി എസ് ആന്‍റ് എസ് ടയർ വർക്‌സിൽ നിന്നുമാണ് വടിവാളുകൾ പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സലീം എന്നയാളുടെ ടയർ കടയിൽ മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രനും സംഘവും നടത്തിയ തെരച്ചിലിലാണ് വടിവാളുകൾ കണ്ടെത്തിയത്.
ഏകദേശം രണ്ടര അടിയോളം വലിപ്പത്തിലുള്ള നാല് വാളുകളാണ് പിടിച്ചെടുത്തത്. പഴയ ടയറുകൾക്കിടയിൽ രണ്ടെണ്ണം ഷട്ടിൽ ബാറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലും, രണ്ടെണ്ണം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. പി എഫ് ഐ ജില്ല കമ്മിറ്റി ഓഫിസിൽ നടത്തിയ തെരച്ചിലിൻ്റെ തുടർച്ചയായി സമീപത്തെ ടയർ കടയിൽ നടത്തിയ പരിശോധനയിലാണ് വാളുകൾ കണ്ടെത്തിയത്.