വയനാട്: സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടയാണ് ആന നഗരമധ്യത്തിലേക്കെത്തിയത്. തുടര്‍ന്ന് റോഡിലൂടെ നടന്നുപോയ യാത്രക്കാരനെയും ആന ആക്രമിച്ചു.
തമ്പി എന്നയാളെയാണ് ആന തുമ്പികൈ കൊണ്ട് വീശിയടിച്ച് നിലത്തിട്ടത്. ഫുട്‌പാത്തിലേക്ക് വീണുപോയ യാത്രക്കാരന് നേരെ കൂടുതല്‍ ആക്രമണത്തിന് ആന മുതിര്‍ന്നില്ല. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേക്ക് തുരത്തി. തമിഴ്‌നാട്ടില്‍ ഗൂഡല്ലൂര്‍ മേഖലയോട് ചേര്‍ന്ന് ഭീതി വിതച്ച റോഡിയോകോളര്‍ ഘടിപ്പിച്ച ആനയാണ് ഇതെന്നാണ് കരുതുന്നത്. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശമാണ് ബത്തേരി ടൗണ്‍. നിലവില്‍ ആന കാട്ടിലേക്ക് തിരികെ കയറിയിട്ടുണ്ട്. അതേ സമയം, പി.ടി-7 എന്ന ആനയെ തളയക്കാന്‍ പോയ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തെ കോട്ടയം ഇടുക്കി ജില്ല അതിര്‍ത്തിയിലും കാട്ടാനകൂട്ടം നിലയുറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലാണ് കാട്ടാനകൂട്ടം കാടിറങ്ങിയെത്തി നിലയുറപ്പിച്ചത്. 23 ആനകളാണ് പ്രദേശത്തേക്കെത്തിയത്.
8 കുട്ടിയാനകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ശ്രമിച്ചിട്ടും കാട്ടാനകൂട്ടത്തെ തിരികെ കാട് കയറ്റാന്‍ സാധിച്ചിരുന്നില്ല.