വയനാട്: ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സർവ്വജന സ്‌കൂളിലെ അധ്യാപകരുടെ മൊഴിയെടുത്തു. വയനാട് എഎസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഷഹലയെ പാമ്പുകടിച്ച സമയം സ്‌കൂളിലുണ്ടായിരുന്ന അധ്യാപകരിൽ ആറ് പേരുടെ മൊഴി എഎസ്‌പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയെടുക്കൽ അടുത്ത ദിവസങ്ങളിലും തുടരും. സ്‌കൂളിലെ ശുചിമുറികളും പരിസരവും എഎസ്‌പി പരിശോധിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഡീഷണൽ ഡിപിഇ സന്തോഷ് ഇന്ന് സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. നഗരസഭയുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.