പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നൽകാൻ മന്ത്രി സഭായോഗം തീരുമാനിച്ചു.
ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും തുടര്‍ പഠനത്തിനുള്ള ചിലവും സംസ്ഥാന സർക്കാർ വഹിക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോൾ.
പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു.350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. ജെയ്ഷ് ഇ മൊഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത് .