വയനാട്: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് സ്തംഭനാവസ്ഥയിൽ. സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ സംസ്ഥാന സർക്കാർ നീക്കം ചെയ്തതോടെയാണ് ഓഡിറ്റിംഗ് സ്തംഭനാവസ്ഥയിലായത്. കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് കിട്ടാത്തതും പ്രതിസന്ധിക്ക് കാരണമാണ്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ സോഷ്യൽ ഓഡിറ്റ് സെൽ ഡയറക്ടറെ സർക്കാർ നീക്കം ചെയ്തത്. എന്നാൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഇതുവരെ ഓഡിറ്റ് വീണ്ടും തുടങ്ങിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്നതോടെയാണ് ഡയറക്ടറെ നീക്കം ചെയ്തത് എന്നാണ് പ്രധാന ആരോപണം. അതേസമയം പദ്ധതി നടത്തിപ്പിന് കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് കിട്ടിയിട്ട് മാസങ്ങളായി.
സോഷ്യൽ ഓഡിറ്റിങ്ങിനായി ഗ്രാമസഭ ചേരുന്നതിന്‍റെ ചെലവ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായിരുന്നു ഇതുവരെ വഹിച്ചിരുന്നത്. എന്നാൽ ക്രമക്കേടുകൾ പലതും പുറത്ത് വന്നതോടെ തുക നൽകണ്ട എന്നാണ് പലയിടത്തെയും തീരുമാനം. ഇതിന്‍റെ വ്യക്തമായി സോഷ്യൽ ഓഡിറ്റ് സെൽ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.