വയനാട്: വയനാട്ടില്‍ മഴ കനക്കുന്നു. പലയിടങ്ങളിലും വെള്ളം കയറി. മേപ്പാടിക്കടുത്ത് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി. പാലം ഒലിച്ചു പോയതിനെ തുടർന്ന് 21 പേരാണ് ഇവിടെ കുടുങ്ങിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉരുൾപൊട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പൈനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണം എന്നാണ് കലക്ടർ ഉത്തരവിട്ടത്.
ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യം വരികയാണെങ്കിൽ തഹസിൽദാർമാർ ഇവർക്ക് താമസ സൗകര്യം ഒരുക്കണം. ജില്ലയിൽ റെഡ് അലർട്ട് പിൻവലിക്കും വരെ പുതിയ ബുക്കിംഗ് സ്വീകരിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. മുണ്ടക്കൈക്കടുത്ത് പുഞ്ചിരിമട്ടത്ത് ഇന്ന് രാവിലെയാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടെയുള്ള താമസക്കാരെ നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. അതുകൊണ്ട് ആളപായമുണ്ടായില്ല. എന്നാൽ ഉരുൾപൊട്ടലിൽ രണ്ടു പാലങ്ങളും രണ്ടു വീടുകളും ഒലിച്ചു പോയി. മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മാറാതിരുന്നവരാണ് കുടുങ്ങിയത് എന്ന് ജില്ലാ കലക്ടർ പറഞ്ഞു. എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകി പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വയനാട് കണ്ണൂർ പാതയിൽ പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കേരള-കർണാടക അതിർത്തിയിൽ ദേശീയ പാത 766ൽ മുത്തങ്ങക്ക് സമീപം പൊൻകുഴിയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പനമരം സുൽത്താൻബത്തേരി പാതയിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. മാനന്തവാടി അഗ്നിരക്ഷാ നിലയം വെള്ളം കയറിയതിനെ തുടർന്ന് താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. തലപ്പുഴ മക്കിമലയിൽ ഉരുൾ പൊട്ടാൻ സാധ്യതയുണ്ട് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.