വയനാട്: ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വയനാട്ടിൽ കോൺഗ്രസിനുളളിൽ കലാപം. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റാണ് കോൺഗ്രസിനു കിട്ടിയത്. സ്ഥാനാർഥി നിർണയത്തിലെ അപാകതകളാണ് ഇതിനു കാരണമെന്നാരോപിച്ച് നേതാക്കളിൽ പലരും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ ചില ഡിവിഷനുകളിലുണ്ടായ അപ്രതീക്ഷിത തോൽവിയാണ് കോൺഗ്രസിൽ കലാപത്തിന് കാരണമായത്.
സ്ഥിരമായി യുഡിഎഫ് ആധിപത്യം പുലർത്തിയിരുന്ന ജില്ലാ പഞ്ചായത്തിൽ ഇത്തവണ ഭരണം കിട്ടാൻ നറുക്കെടുപ്പ് വേണമെന്ന അവസ്ഥയാണ്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റതോടെയാണ് ആരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടി വന്നത്. സ്ഥാനാർഥി നിർണയ കമ്മിറ്റിയിൽ കൂടിയാലോചനക്കു പകരം ഗൂഢാലോചനയാണ് നടന്നതെന്നാണ് ചില നേതാക്കളുടെ ആരോപണം. സ്വന്തക്കാരെയും ഇഷ്ടക്കാരെയും മത്സരിപ്പിക്കാനാണ് കമ്മറ്റിയംഗങ്ങൾ ശ്രമിച്ചതെന്നും ആരോപണമുണ്ട്.