വയനാട്: അയോഗ്യനാക്കിയതുകൊണ്ട് ഞാനും നിങ്ങളും തമ്മിലുളള ബന്ധം ഒരിക്കലും മുറിഞ്ഞുപോകുന്നതല്ലെന്ന് വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി. ബിജെപിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്‍റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനപ്രതിനിധിയാണെന്ന് രാഹുല്‍ പറഞ്ഞു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടശോഷം ആദ്യമായി വയനാട്ടില്‍ എത്തിയ രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
എന്‍റെ വീട് വേണമെങ്കില്‍ 50 തവണ നിങ്ങള്‍ എടുത്തുകൊളളൂ. എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്‌ടമായ വയനാട്ടുകാരുടെ ഇടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ എങ്ങനെ അതിജീവിച്ചു എന്നത് ഞാന്‍ കണ്ടറിഞ്ഞതാണ്. അയോഗ്യനാക്കിയതുകൊണ്ട് നമ്മള് തമ്മിലുളള ബന്ധം എറ്റവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെ ഇടയാക്കൂ. നാലുവര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ തെരഞ്ഞെടുപ്പിന് പതിവില്‍ നിന്നും വ്യത്യസ്‌തമായ പ്രചാരണമായിരുന്നു നടത്തിയത്.
കാരണം ഞാന്‍ വന്നത് ഒരു കുടുംബത്തിലേക്കാണ്. എന്നെ നിങ്ങള്‍ സ്വീകരിച്ചത് ഒരു മകനായിട്ടാണ്. ഒരു സഹോദരനായിട്ടാണ്. എനിക്ക് ജീവനുളള കാലം വരെ നിങ്ങളുമായിട്ടുളള ബന്ധം എനിക്ക് ഉണ്ടായിരിക്കും. പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ വയനാട്ടിലെ വേദിയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി.
തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യം ചോദിക്കാനുള്ള മികച്ച അവസരമായെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ‘ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ ബിജെപിക്ക് വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാനാകില്ല’. രാഹുല്‍ ഗാന്ധി പറഞ്ഞു.
ഔദ്യോഗിക വസതിയിലേക്ക് പൊലീസിനെ അയച്ചാല്‍ താന്‍ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അവര്‍ക്ക് എന്നെ ഭയമാണ്. എന്നെ ഭയക്കുന്നതുകൊണ്ടാണ് അവര്‍ ഇതിനൊന്നും ഉത്തരം തരാത്തത്. ഞാന്‍ രണ്ട് തവണ കത്ത് കൊടുത്തു. എന്നിട്ടും അവര്‍ക്ക് ഉത്തരമുണ്ടായില്ല. പക്ഷേ എന്നോട് അവര്‍ പറഞ്ഞത് വരു നമുക്ക് ഒരു ചായ കുടിക്കാം. ഞാന്‍ നിങ്ങളോട് സംസാരിക്കാം. പക്ഷേ എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാന്‍ അവര്‍ തയ്യാറായില്ല. അവര്‍ എന്നെ ജയിലിലടച്ചോട്ടെ. എന്‍റെ വീടെടുത്തോട്ടെ, എന്‍റെ എംപി പദമെടുത്തോട്ടെ. എന്നാലും എന്‍റെ വയനാട്ടിലെ ജനങ്ങളുടെ, ഈ മഹാരാജ്യത്തിലെ ജനങ്ങളുടെ ഭദ്രതയ്‌ക്കു വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.
വൈകിട്ട് 3.45ഓടുകൂടി ഹെലികോപ്‌റ്ററില്‍ കല്‍പ്പറ്റയില്‍ എത്തിയ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും ആവേശോജ്വല സ്വീകരണമാണ് യുഡിഎഫ് നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയത്. രാഹുലിനെ സ്വീകരിക്കാന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, പികെ കുഞ്ഞാലിക്കുട്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു.
തുടര്‍ന്ന് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മുതല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് വരെ യുഡിഎഫിന്‍റെ റോഡ് ഷോ നടന്നു. വൈകിട്ട് 4.30ഓടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. പത്മശ്രീ നെല്‍വയല്‍ രാമന്‍, സിനിമ സാംസ്‌കാരിക പ്രവര്‍ത്തകരായ ജോയ് മാത്യൂ, കൈതപ്രം, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവരും പങ്കെടുത്തു. മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി പതിനായിരത്തോളം ആളുകളാണ് സമ്മേളനത്തിനായി എത്തിയത്.