വയനാട്: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി വയനാടുമായുള്ള തന്‍റെ ബന്ധം ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ അത് ശക്തിപ്പെടുക മാത്രമാണുണ്ടായതെന്നും രാഹുല്‍ ഗാന്ധി. ലോക്‌സഭ അംഗത്വം പുനസ്ഥാപിച്ചതിന് ശേഷം വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കാണാത്ത ദുരന്തമാണ് മണിപ്പൂരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്ര തവണ എംപി സ്ഥാനത്ത് നിന്നും തന്നെ അയോഗ്യനാക്കിയാനും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടും. പ്രതിസന്ധിക്കാലത്ത് തന്‍റെ കൂടെ ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്ടുകാര്‍. ആ നാട്ടുകാര്‍ തനിക്ക് സ്നേഹം തന്ന് സംരക്ഷിച്ചു. ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വയനാട് മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുല്‍. കൽപ്പറ്റയിൽ യുഡിഎഫ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.
'മണിപ്പൂരിൽ കണ്ട ഭീകരത മറ്റൊരിടത്തും കാണാന്‍ കണ്ടിട്ടില്ല': തന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ മണിപ്പൂർ പോലൊരു ദുരനുഭവം നേരിട്ട് കണ്ടിട്ടില്ല. നിരവധി കലാപബാധിത പ്രദേശങ്ങളില്‍ താൻ പോയിട്ടുണ്ട്. പക്ഷേ, മണിപ്പൂരിൽ കണ്ട ഭീകരത ഒരിടത്തും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എവിടെയും ചോരയാണ് തനിക്ക് കാണാന്‍വേണ്ടി സാധിച്ചത്. എല്ലായിടത്തും സ്‌ത്രീകൾക്ക് ബലാത്സംഗം നേരിടേണ്ടതായി വന്നു. മോദി ലോക്‌സഭയില്‍ രണ്ട് മണിക്കൂർ 13 മിനിട്ട് സംസാരിക്കുകയുണ്ടായി. അതിൽ രണ്ട് മിനിട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ എന്ന ആശയത്തെയാണ് മണിപ്പൂരിൽ വച്ച് ബിജെപി കൊലപ്പെടുത്തിയത്. ഭാരത മാതാവിന്‍റെ ഹത്യയാണ് അവിടെ നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മണിപ്പൂരില്‍ ഇല്ലാതാക്കിയത്. ആയിരക്കണക്കിന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു. ആയിരക്കണക്കിന് ആളുകളെ അവിടെ കൊന്നൊടുക്കി. എന്നിട്ടും, പ്രധാനമന്ത്രി ലോക്‌സഭയില്‍ ചിരിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ട് അക്രമം തടയാൻ മോദി നടപടി എടുത്തില്ലെന്നും കാരണം പ്രധാനമന്ത്രി ദേശീയവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'മോദി മണിപ്പൂരിലെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തി': മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിച്ചുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നരേന്ദ്ര മോദിക്കെതിരെ സ്വരം കടുപ്പിച്ചത്. 152 പേരുടെ ജീവനപഹരിച്ച മണിപ്പൂരിലെ അക്രമസംഭവങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ അലംഭാവത്തെ കുറിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ചതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം മോദിക്കെതിരെ തിരിഞ്ഞത്.
സഭയില്‍ രണ്ട് മണിക്കൂറും 13 മിനിറ്റുമാണ് അദ്ദേഹം കഴിഞ്ഞദിവസം സംസാരിച്ചത്. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് പറഞ്ഞത് രണ്ട് മിനിറ്റ് മാത്രമാണ്. മോദി പാര്‍ലമെന്‍റില്‍ നാണമില്ലാതെയിരുന്ന് ചിരിക്കുകയാണെന്നും അദ്ദേഹം ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മണിപ്പൂരില്‍ മാസങ്ങളായി കലാപം നടക്കുകയാണ്. അതുകൊണ്ടുതന്നെ മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല, പകരം രണ്ടാണ്. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് മണിപ്പൂരിലേത് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാവുന്ന പ്രശ്‌നമാണെങ്കിലും ആ നാടിനെ പ്രധാനമന്ത്രി കത്താന്‍ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.