കോഴിക്കോട്: രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് യുഡിഎഫ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ യോഗവും നടത്തും.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അപലപിച്ചു. ഓഫിസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും, രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസിന് നേരെ നടന്ന അക്രമം അപലപനീയമാണ്. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. കേരളത്തിലെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടതെന്നും താരിഖ് അൻവർ ഡല്‍ഹിയില്‍ പറഞ്ഞു.
Also Read രാഹുലിന്‍റെ ഓഫീസ് തല്ലിത്തകർത്ത് എസ്‌എഫ്ഐ, സംസ്ഥാനമൊട്ടാകെ വൻ പ്രതിഷേധവുമായി കോൺഗ്രസ്