വയനാട്: കോൺഗ്രസ് യു പി എ കാലത്ത് ആവിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി ജനങ്ങൾക്ക് വേണ്ടിയായിരുന്നെന്നും എന്നാൽ ബിജെപിയുടെ പല പദ്ധതികളും ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രമാണെന്നും രാഹുൽഗാന്ധി. പ്രധാനമന്ത്രി ജനങ്ങളെ പരിഹസിക്കുമ്പോൾ തൊഴിലുറപ്പ് പദ്ധതി ഉയർന്നു വന്നത് ജനങ്ങൾക്കിടയിൽ നിന്നാണെന്ന് അദ്ദേഹം മനസിലാക്കണം. ഈ പദ്ധതികളെ ഞെക്കി കൊല്ലാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വയനാട്ടിൽ ത്രിതല പഞ്ചായത്തുകളിലെ യു ഡി എഫ് ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി എം പി. വയനാടിൻ്റെ പ്രാദേശിക വികസന വിഷയങ്ങളിലാണ് രാഹുൽ ഗാന്ധി ജനപ്രതിനിധികളുമായി ചർച്ച നടത്തിയത്. ബഫർ സോൺ, വന്യമൃഗശല്യം, മാലിന്യ പ്രശ്‌നം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിവിധ വിഷയങ്ങൾ ജനപ്രതിനിധികളുമായുള്ള ചർച്ചയിൽ ഉയർന്നു വന്നു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് സംവാദം നടന്നത്. കേന്ദ്ര - സംസ്ഥാന സർക്കാർ പദ്ധതികളിൽ ഫണ്ട് വെട്ടിച്ചുരുക്കുന്നതും വൈകുന്നതും സംബന്ധിച്ച പരാതികൾ പലരും രാഹുൽ ഗാന്ധിയോട് ഉന്നയിച്ചു. പല വിഷയങ്ങളും കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും താൻ തന്നെ ഉന്നയിക്കുന്ന കാര്യങ്ങളാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പൊതു പ്രതികരണം.
മാലിന്യ സംസ്‌കരണം വലിയ പ്രശ്‌നം: ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മാലിന്യ സംസ്‌കരണം വലിയ പ്രശ്‌നമാണന്ന് മനസിലാക്കുന്നു. ബഫർ സോൺ വിഷയം കോടതിയിലാണ്. ഈ വിഷയം പരമാവധി വേഗത്തിൽ പരിഹരിക്കാൻ പാർലമെന്‍റിനകത്തും പുറത്തും സമ്മർദം ചെലുത്തുമെന്നും രാഹുൽ പറഞ്ഞു.
മെഡിക്കൽ കോളജ് വിദൂര സ്വപ്‌നം: വയനാട് മെഡിക്കൽ കോളജ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ വേഗത ഉണ്ടായിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യു ഡി എഫ് ആണ് അധികാരത്തിലെങ്കിൽ വയനാട്ടിൽ മികച്ച മെഡിക്കൽ കോളജ് ഉണ്ടാവുമായിരുന്നു. മറ്റ് ജില്ലകളിൽ നിന്ന് പോലും ഇവിടേക്ക് ചികിത്സക്ക് വരുന്ന തരത്തിൽ മികച്ചതാക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത് കണ്ടറിഞ്ഞ ജനസേവനം: സംവാദത്തിന് ശേഷം അഭിസംബോധന ചെയ്യവെ ജനപ്രതിനിധികളുടെ ഉത്തരവദിത്തത്തെക്കുറിച്ചും കടമകളെ കുറിച്ചും അദ്ദേഹം ഉദ്ബോധിപ്പിച്ചു. യു ഡി എഫിന് ഒരിക്കലും ജയിക്കാൻ കഴിയില്ലന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കരുതലോടെ ഇടപെടൽ നടത്തി ജനങ്ങൾക്ക് സേവനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടു നിൽക്കുന്നതായിരുന്നു സംവാദം.
എം പി ഫണ്ട് പരിമിതം: രാഹുൽ ഗാന്ധിക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയ പ്രദേശത്ത് എം പി ഫണ്ട് പരിമിതമായി മാത്രമെ ലഭിക്കുന്നുള്ളൂ എന്ന പരാതി മുതൽ ഓണറേറിയം വർധിപ്പിക്കാൻ ഇടപെടണമെന്ന് വരെ ജനപ്രതിനിധികൾ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിച്ചു.