തിരുവനന്തപുരം: സൂറത്ത് കോടതി വിധിയുടെ ഞെട്ടല്‍ മാറും മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കൂടി റദ്ദാക്കിയ ഇരട്ട പ്രഹരത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാടാണ്. രണ്ടു ദിവസം മുന്‍പ് സ്വന്തം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ എംപി എന്ന നിലയില്‍ പങ്കെടുത്തു മടങ്ങിയ രാഹുല്‍ ഗാന്ധി ഇനി തങ്ങളുടെ ജന പ്രതിനിധിയല്ലെന്ന വാര്‍ത്ത അത്രവേഗം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകുന്നില്ല. ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ ജില്ലകളിലൊന്നാണ് കുന്നും മലയും കാനനവും നിറഞ്ഞ പിന്നാക്ക ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ ഏറെ താമസിക്കുന്ന വയനാട്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലേക്ക് തങ്ങളുടെ ജില്ലയും മണ്ഡലവുമൊക്കെ ഉയര്‍ന്നതിനെ കക്ഷി രാഷ്ട്രീയത്തിനതീതമായാണ് വയനാട് ജനത അംഗീകരിച്ചിരുന്നത്. മാത്രമല്ല ഇത്രയും പിന്നാക്കമായ പ്രദേശത്തിന്റെ വികസനത്തിനപ്പുറം രാഹുല്‍ ഗാന്ധി തന്നെ മുന്‍ കൈ എടുത്ത് നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കി വന്നിരുന്നത് വയനാട് ജനത ഏറെ ആദരവോടെയാണ് കണ്ടിരുന്നത്. രാഹുല്‍ഗാന്ധിയുടെ വരവോടെ വയനാടിന്റെ ടൂറിസം മേഖല ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നു എന്നു മാത്രമല്ല, ആഭ്യന്തര ടൂറിസത്തിലും മുന്നേറ്റമുണ്ടായി. ഇത് വയനാടിന്റെ സാമ്പത്തിക രംഗത്തുണ്ടാക്കിയ ഉണര്‍വ് വലുതാണ്.
കൈത്താങ്ങായിരുന്നു രാഹുല്‍: മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ തുടക്കിത്തിലേ രാഹുല്‍ മുന്‍കൈ എടുത്ത് ആരംഭിച്ചിരുന്നു. കൈത്താങ്ങ് എന്ന പദ്ധതി നടപ്പാക്കി നിര്‍ധനരായ ഭവനരഹിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് രാഹുല്‍ഗാന്ധി തന്നെ താക്കോല്‍ ദാനം നടത്തി. 100 വീടുകളുടെ പണി പൂര്‍ത്തിയായി മുന്നോട്ടു പോകുന്നു എന്നു മാത്രമല്ല, ഈ പണികളുടെ എല്ലാം പുരോഗതി വിലയിരുത്തി സമയബന്ധിതമായി കൈമാറാനുള്ള നിര്‍ദ്ദേശം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും എംഎല്‍എമാര്‍ക്കും അദ്ദേഹം നല്‍കിയിട്ടുമുണ്ട്.
കൊവിഡ് കാലത്താണ് രാഹുലിന്റെ എംപി സ്ഥാനം വയനാട് മണ്ഡലത്തിന് ഏറ്റവുമധികം അനുഭവവേദ്യമായത്. വയനാട് മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും രാഹുല്‍ഗാന്ധി നേരിട്ട് ഭക്ഷ്യ ധാന്യം എത്തിക്കുകയായിരുന്നു. ഇത് അക്കാലത്ത് പഞ്ചായത്തുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. അക്കാലത്ത് പഠനം ഓണ്‍ലൈനിലേക്കു മാറിയപ്പോള്‍ ആയിരത്തോളം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മൊബൈല്‍ ഫോണ്‍ കൈമാറി.
വയനാട് മണ്ഡലത്തില്‍ വ്യാപകമായി പിപിഇ കിറ്റുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും രാഹുല്‍ഗാന്ധി മുന്‍ കൈ എടുത്ത് വിതരണം ചെയ്തിരുന്നു. 2019ലെ വെള്ളപ്പൊക്ക സമയത്ത് വെള്ളപ്പൊക്ക ബാധിതമേഖലകളിലെ മുഴുവന്‍ ക്ഷീരകര്‍കര്‍ക്കും കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു.
2019ല്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. ഈ ഓട്ടോ റിക്ഷ ഡ്രൈവര്‍ അടുത്തയിടെ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ഇക്കാര്യം മണ്ഡലം സന്ദര്‍ശനത്തിനിടെ പ്രാദേശിക നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ച ഉടന്‍ ആ വീട്ടിലേക്ക് പോകണം എന്ന ആഗ്രഹം രാഹുല്‍ഗാന്ധി പ്രകടിപ്പിക്കുകയും അതനുസരിച്ച് ആ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് ആവശ്യമായ ധന സഹായം നല്‍കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭാരത് ജോഡോ യാത്രകഴിഞ്ഞ ഉടന്‍ രാഹുലിന്റെ ആദ്യ ഔദ്യോഗിക പരിപാടിയും സ്വന്തം നിയോജകമണ്ഡല സന്ദര്‍ശനമായിരുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അഡ്മിറ്റായ ഭാര്യയ്ക്ക് കൂട്ടിരിക്കുന്നതിനിടയില്‍ പണം മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാകുകയും അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയും ചെയ്ത വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിന്റെ വീട്ടിലേക്കായിരുന്നു ഭാരത് ജോഡോ യാത്രയ്്ക്കു തൊട്ടു പിന്നാലെ രാഹുല്‍ എത്തിയത്.
വയനാട് ഫാത്തിമ മാതാ ആശുപത്രിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തില്‍ ഒരാഴ്ച മുന്‍പ് രാഹുല്‍ഗാന്ധി പങ്കെടുത്തിരുന്നു. അതോടൊപ്പം മണ്ഡലത്തിലെ മുക്കം പഞ്ചായത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കിയ 15 വീടുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു. മാത്രമല്ല 50 വീടുകള്‍ കൂടി വച്ചു നല്‍കണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിക്കുകയും ചെയ്തു. മുട്ടില്‍ പഞ്ചായത്തില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകളും അന്ന് രാഹുല്‍ നല്‍കിയിരുന്നു.
ഈ നിലയില്‍ സ്വന്തം മണ്ഡലത്തെ ചേര്‍ത്തു പിടിക്കുന്നതില്‍ രാഹുല്‍ എപ്പോഴും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. മാത്രമല്ല അമേഠിയിലെ പരാജയത്തിനിടയിലും വമ്പന്‍ ഭൂരിപക്ഷം നല്‍കി ബിജെപിക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തന്നെ സഹായിച്ച മണ്ഡലത്തിനോട് രാഹുലും ഹൃദയ ബന്ധം തന്നെ കാത്തു സൂക്ഷിച്ചു. അവിടെ ഭാഷ അദ്ദേഹത്തിനൊരു പ്രശ്‌നമേ അല്ലായിരുന്നു. രാഹുലിന്റെ വയനാട്ടിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളും വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.
പ്രകൃതി കനിഞ്ഞു നല്‍കിയ വയനാടിന്റെ സവിശേഷ സൗന്ദര്യവും രാഹുലിന് വയനാടിനോടുള്ള ഇഷ്ടത്തിന് മറ്റൊരു കാരണം കൂടിയായി. ജനങ്ങള്‍ക്കും രാഹുലിന്റെ രീതികള്‍ ഏറെ ഇഷ്ടമായിരുന്നു.
മൂന്ന് ജില്ലകളിലെ എംപിയായും രാഹുല്‍: വയനാട് ലോക്‌സഭ മണ്ഡലം യഥാര്‍ത്ഥത്തില്‍ മൂന്ന് ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മനന്തവാടി എന്നീ നിയമസഭ മണ്ഡലങ്ങള്‍ വയനാട് ജില്ലയിലും ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍ മണ്ഡലങ്ങള്‍ മലപ്പുറം ജില്ലയിലും തിരുവമ്പാടി മണ്ഡലം കോഴിക്കോട് ജില്ലയിലുമാണ്. അതു കൊണ്ടു തന്നെ രാഹുല്‍ഗാന്ധിയുടെ ഒരു വയനാട് സന്ദര്‍ശനത്തില്‍ കേരളത്തിലെ ഈ മൂന്ന് ജില്ലകളിലെ ചെറുതും വലുതുമായ പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായി.
മണ്ഡല സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം ബിജെപിയെ കണക്കറ്റു വിമര്‍ശിക്കാറുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത വൈരികളായ സിപിഎമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദേശീയ തലത്തിലെ സിപിഎം സഹകരണം തന്നെയായിരുന്നു ഇതിനു കാരണവും. എന്നിട്ടും കേരളത്തില്‍ ഭരണ കക്ഷിക്കെതിരെ സ്വര്‍ണക്കള്ളക്കടത്തു സമരവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തു വന്നപ്പോള്‍ വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.
ജനവാസകേന്ദ്രങ്ങളില്‍ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാഹുല്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നില്ലെന്നാരോപിച്ചായിരുന്നു പ്രകടനമായെത്തിയ എസ്എഫ്‌ഐക്കാര്‍ രാഹുലിന്റെ ഓഫീസ് അക്രമിച്ചത്. പിന്നാലെ വയനാട് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി എസ്എഫ്‌ഐക്കാര്‍ തകര്‍ത്ത തന്റെ ഓഫീസ് സന്ദര്‍ശിച്ചെങ്കിലും ഓഫീസ് അക്രമിച്ചവര്‍ കുട്ടികളായതിനാല്‍ അവരോട് തനിക്ക് ശത്രുതയില്ലെന്ന് പറഞ്ഞ് എല്ലാവരുടെയും കയ്യടി നേടുകയായിരുന്നു.
2019ല്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് വയനാട് തിരഞ്ഞെടുത്തതെങ്കിലും അത് ദേശീയ തലത്തില്‍ വലിയ വിമര്‍ശനത്തിനിടയാക്കി. ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയിലെ അംഗമായ സിപിഎമ്മിനെതിരെ പ്രതിപക്ഷത്തെ നയിക്കുന്ന രാഹുല്‍ മത്സരിച്ചത് പ്രതിപക്ഷം പരസ്പരം മത്സരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കുന്നതിന്റെ ആനുകൂല്യം ഉണ്ടാക്കാനാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
അതിനിടെ മുസ്ലീംലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ഉയര്‍ത്തിയ ലീഗിന്റെ പച്ചക്കൊടിയെ പോപ്പുലര്‍ഫ്രണ്ടിന്റെ കൊടിയാക്കി, രാഹുല്‍ഗാന്ധി പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം ഉത്തരേന്ത്യയില്‍ വ്യാപകമായി കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തിരിച്ചടിക്കുള്ള കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
വയനാടിന്‍റെ ചരിത്രം: 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് വയനാട് മണ്ഡലം രൂപീകൃതമാകുന്നത്. അന്നുമുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ചു പോന്ന മണ്ഡലത്തില്‍ പക്ഷേ ഇത്തവണ റെക്കോഡ് ഭൂരിപക്ഷം നല്‍കിയാണ് രാഹുലിനെ തിരഞ്ഞടുത്തത്. 4,31,770 വോട്ടായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത 10,92,759 വോട്ടില്‍ 7, 06,367 വോട്ടും രാഹുല്‍ ഗാന്ധി നേടി.
അടുത്ത തവണ മിക്കവാറും രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചേക്കും എന്നൊരു ധാരണ പൊതുവേ ഉണ്ടായിരുന്നെങ്കിലും കാലാവധി എത്തും മുന്‍പേ രാഹുലിന്റെ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു പക്ഷേ ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആശങ്ക വയനാട് മണ്ഡലത്തെ ഒന്നാകെ പിടികൂടിയിട്ടുണ്ടെന്നതാണ് വാസ്തവം.