വയനാട്: വയനാട്ടിലെ മാനന്തവാടിയിൽ നോൺ ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സുകള്‍ ചോർന്നൊലിക്കുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാട്ടുന്നതായാണ് പരാതി. 40 വർഷം മുമ്പാണ് മാനന്തവാടിയിലെ എൻജിഒ ക്വാർട്ടേഴ്‌സുകള്‍ നിര്‍മ്മിച്ചത്. കെട്ടിടങ്ങളുടെ മേൽക്കൂര കോൺക്രീറ്റ് കൊണ്ടുള്ളതാണെങ്കിലും ചോർച്ച കാരണം പിന്നീട് ആസ്ബറ്റോസ് ഷീറ്റ് വിരിച്ചു. പക്ഷേ ചോർച്ചയ്ക്ക് കുറവുണ്ടായില്ല.
32 ക്വാർട്ടേഴ്‌സുകള്‍ ആണ് ഇവിടെയുള്ളത്. വിണ്ടുകീറാത്ത ചുമരുകളും ചോർച്ച ഇല്ലാത്ത ഒരൊറ്റ കെട്ടിടവും ഇവിടെയില്ല. ശുചിമുറികളിൽ നിന്ന് തിരിയാൻ ഇടമില്ല. താമസിക്കുന്നവരുടെ നിരന്തരമായ പരാതിയെ തുടർന്ന് തറയിൽ ടൈൽ വിരിക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. ക്വാർട്ടേഴ്‌സുകളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കുടിവെള്ളത്തിന് സമീപത്തെ വീടുകളെയും സ്ഥാപനങ്ങളെയുമാണ് ഇവര്‍ ആശ്രയിക്കുന്നത്.