വയനാട്: കഴിഞ്ഞ ദിവസം അപകടമുണ്ടായ കടച്ചിക്കുന്ന് ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്വാറി പൂട്ടാൻ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന കാരണത്താൽ മൂപ്പൈനാട് പഞ്ചായത്ത് ക്വാറിക്ക് നേരത്തെ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു.
കടച്ചിക്കുന്നിൽ നിന്നുള്ള നീരുറവ നശിക്കുമെന്ന കാരണം കൊണ്ടാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നത്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി പ്രവർത്തനാനുമതി നൽകുകയുമായിരുന്നു. ആറു മാസം മുൻപാണ് ക്വാറി പ്രവർത്തനം തുടങ്ങിയത്. കടച്ചിക്കുന്നിലെ സ്വകാര്യ തോട്ടത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്.
ക്വാറിയിൽ നിന്നുള്ള ടിപ്പറുകൾ ഓടുന്നതു കാരണം പ്രദേശത്തെ റോഡിൽ യാത്രാതടസം ഉണ്ടായിരുന്നു. റോഡ് കയ്യേറിയെന്ന കാരണം കാണിച്ച് പഞ്ചായത്ത് ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്‌തിരുന്നു. ക്വാറിയുടെ പ്രവർത്തനം സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ക്വാറി പൂട്ടണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.