വയനാട്: സംസ്ഥാനത്ത് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുടെ പരിധി 10 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി ചുരുക്കിയ സംസ്ഥാന സർക്കാർ തീരുമാനം വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ. പൂട്ടിയ പല ക്വാറികളുടെയുടെയും പ്രവർത്തനം വീണ്ടും തുടങ്ങാൻ ഈ തീരുമാനം കാരണമാകും എന്നാണ് പ്രധാന ആരോപണം.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് വരെ പരിസ്ഥിതിലോല മേഖലയാക്കികൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഓരോ സംസ്ഥാനവും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ദൂര പരിധി നിശ്ചയിക്കണം എന്നായിരുന്നു വിജ്ഞാപനം. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി അഞ്ചുമാസം മുമ്പ് തീർന്നെങ്കിലും കേരളം നിലപാട് അറിയിച്ചിരുന്നില്ല. ഇതേതുടർന്ന് 10 കിലോമീറ്റർ ദൂരപരിധി കേരളത്തിന് ബാധകമാവുകയായിരുന്നു. ഇതിനിടയിലാണ് ദൂരപരിധി ഒരു കിലോമീറ്ററായി സംസ്ഥാന സർക്കാർ കുറച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തിന് കേന്ദ്ര സർക്കാരിന്‍റെ കൂടി അംഗീകാരം കിട്ടേണ്ടതുണ്ട്.