വയനാട്: മീനങ്ങാടി മുരണി സ്വദേശി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്‍ പുഴയിലകപ്പെട്ട് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം വെള്ളം ഉള്ളില്‍ ചെന്നും ശ്വാസം മുട്ടിയുമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായി.
ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല.
മീനോ ഞണ്ടോ കടിച്ച ചെറിയ മുറിവൊഴിച്ചാല്‍ മറ്റ് ജീവികളുടെ ആക്രമണം നടന്നതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായില്ല. അതുകൊണ്ടു തന്നെ കാല്‍ വഴുതിയോ മറ്റോ പുഴയില്‍ അകപ്പെട്ടതാകാമെന്ന് പൊലീസ് വ്യക്തമാക്കി. ചീങ്കണ്ണിയോ മുതലയോ സുരേന്ദ്രനെ ആക്രമിച്ചതായാണ് സാഹചര്യ തെളിവുകള്‍ മുന്‍നിര്‍ത്തി പ്രചരണമുണ്ടായത്. ബന്ധുക്കള്‍ ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ദുരൂഹ സാഹചര്യത്തില്‍ പുഴയോരത്ത് കാണാതായ ക്ഷീര കര്‍ഷകന്‍റെ മൃതദേഹം കഴിഞ്ഞ ദിവസമായിരുന്നു പുഴയില്‍ നിന്നും കണ്ടെത്തിയത്. കാണാതായെന്ന് പറയുന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരുന്നു.
ജൂലൈ 26 ഉച്ചയ്‌ക്ക് 2.30 ഓടെയാണ് കാരാപ്പുഴ കുണ്ടുവയല്‍ ഭാഗത്ത് വച്ച് സുരേന്ദ്രനെ കാണാതായത്. പുല്ലരിയുന്നതിനായി കാരാപ്പുഴ പദ്ധതി പ്രദേശത്തെത്തിയതായിരുന്നു സുരേന്ദ്രന്‍. വീട്ടില്‍ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തി.
എന്നാല്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിട്ടും സുരേന്ദ്രനെ കണ്ടെത്താനായിരുന്നില്ല. സംഭവ സ്ഥലത്തെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുഴ വെളളത്തിലൂടെ എത്തിയ മുതലയോ മറ്റോ ആക്രമിച്ചതാണെന്നായിരുന്നു നിഗമനം. ചീരാങ്കുന്ന് ഗാന്ധിനഗര്‍ ചെക്ക് ഡാമിന് സമീപം തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളാണ് തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ കൊലപ്പെടുത്തി എന്ന് കരുതിയ നൗഷാദിനെ കണ്ടെത്തി: അതേസമയം, കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ പൊലീസ് തൊടുപുഴയിൽ നിന്ന് കണ്ടെത്തി. തൊമ്മൻകുത്തിൽ നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. കാണാൻ ഇല്ല എന്ന വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടിസായി പുറത്തുവന്നതിനെ തുടർന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്.
നൗഷാദിനെ തൊടുപുഴ ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചിട്ടുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച്, ഭാര്യ അഫ്‌സാന വിളിച്ചുകൊണ്ടുവന്ന ഒരു സംഘം ആളുകൾ തന്നെ മർദിച്ചതായും ഇതിനെ തുടർന്ന് പിറ്റേ ദിവസം നാടുവിടുകയായിരുന്നു എന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. പേടിച്ചിട്ടാണ് നാട്ടിൽ വരാതിരുന്നതെന്നും നാടുവിട്ടതിൽ പിന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
നാട്ടിൽ ആരുമായും തന്നെ ബന്ധം ഇല്ലായിരുന്നു. തൊടുപുഴയിൽ ഒരു കൃഷിയിടത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഇപ്പോൾ മാധ്യമ വാർത്തകൾ വഴിയാണ് സംഭവം അറിഞ്ഞത്.
ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി തനിക്ക് നേരത്തെ തോന്നിയിട്ടുണ്ടെന്നും നൗഷാദ് വിശദീകരിച്ചു. നൗഷാദിന്‍റെ തിരോധാനം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ട തൊടുപുഴ സ്‌റ്റേഷനിലെ പൊലീസുകാരൻ ജെയ്‌സണ്‍ ആണ് ഇയാളെ കണ്ടെത്തുന്നത്. ജെയ്‌സന്‍റെ ഒരു ബന്ധുവാണ് തൊടുപുഴ ഭാഗത്ത് നൗഷാദിനെ പോലുള്ള ഒരാളുണ്ടെന്ന് പറയുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ ജെയ്‌സൺ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തുന്നത്. കാര്യങ്ങൾ പറഞ്ഞപ്പോൾ താൻ നൗഷാദാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.