വയനാട്: ജന്മനാ ഹൃദയ വാല്‍വിന് വൈകല്യമുള്ള പട്ടിക്കുട്ടിക്ക് ടെലി ഗൈഡഡ് സർജറിയിലൂടെ വയനാട് പൂക്കോട് വെറ്ററിനറി സർവകലശാല പുനർജന്മം നല്‍കി. മലേഷ്യയിലെ പെനാങില്‍ ജനിച്ച, മിനിയേച്ചർ പിൻഷർ ഇനം 'മാക്‌സി' എന്ന പട്ടിക്കുട്ടിയാണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയമായത്. പൂക്കോട് സർവകലാശാലയിലെ ഡോ. സൂര്യദാസിന്‍റെ നേതൃത്വത്തിലാണ് ടെലി ഗൈഡൻസ് വഴി ശസ്ത്രക്രിയ നടത്തിയത്.
മലേഷ്യയിലെ പെനാങിലെ വിൻസർ മൃഗാശുപത്രിയിൽ ചികിത്സക്ക് എത്തിച്ചതായിരുന്നു പട്ടിക്കുട്ടിയെ. എട്ടാഴ്‌ച മാത്രമായിരുന്നു പ്രായം. 800 ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. വാസ്‌കുലാർ റിങ് അനോമലി എന്ന ജന്മവൈകല്യമായിരുന്നു പ്രശ്‌നം. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകുമായിരുന്നുള്ളൂ. പെനാങ്ങിലെ ആശുപത്രിയിലെ ഡോക്‌ടറും മലയാളിയുമായ ഷിബു സുലൈമാനായിരുന്നു മാക്‌സിയെ പരിശോധിച്ചത്. മലേഷ്യയിലെ പ്രഗൽഭരായ ഡോക്‌ടർമാർ ഉൾപ്പെടെ പലരോടും ഇദ്ദേഹം ശസ്ത്രക്രിയക്ക് വേണ്ട ഉപദേശം തേടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. ഇതോടെ ഇദ്ദേഹം പൂക്കോട് വെറ്ററിനറി കോളജിലെ ഡീൻ ഡോ. കോശി ജോണുമായും സർജറി വിഭാഗം അസി. പ്രൊഫസർ ഡോ.എസ് സൂര്യദാസുമായും സംസാരിച്ചു. തുടർന്ന് പൂക്കോട് നിന്ന് ഓൺലൈനിലൂടെ കിട്ടിയ നിർദ്ദേശങ്ങൾ സ്വീകരിച്ച് പെനാങ്ങിൽ പട്ടിക്കുട്ടിക്ക് ശസ്ത്രക്രിയ നടത്തി.
ഭ്രൂണാവസ്ഥയിൽ ഇരിക്കെ മഹാരക്തധമനി, ശ്വാസകോശത്തിലേക്കുള്ള രക്തധമനിയുമായി ചേർന്ന് അന്നനാളത്തിന് ചുറ്റും വലയം സൃഷ്‌ടിക്കുകയും അന്നനാളം അതിനുള്ളിൽ ഞെരുങ്ങി പോവുകയും ചെയ്യുന്ന ജന്മവൈകല്യമാണ് വാസ്‌കുലാർ റിങ് അനോമലി. കഴിക്കുന്ന ആഹാരം അന്നനാളത്തിൽ കെട്ടി കിടക്കാനും അന്നനാളം ക്രമാതീതമായി വികസിക്കാനും ഇത് കാരണമാകും. ഹൃദയ വാൽവിനും അസുഖം ബാധിച്ചിരുന്നു.
പട്ടിക്കുട്ടിയുടെ കുറഞ്ഞ പ്രായവും ശരീരഭാരവും അനസ്തേഷ്യക്കും ശസ്ത്രക്രിയക്കും വെല്ലുവിളിയായിരുന്നു. അഞ്ചു മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇപ്പോൾ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് മാക്‌സി. മനുഷ്യരിൽ നടക്കുന്ന ശസ്ത്രക്രിയകൾക്ക് ടെലി ഗൈഡൻസ് സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ വെറ്ററിനറി രംഗത്ത് ഇതാദ്യമായാണ് ഇത്തരം സൗകര്യം പ്രയോജനപ്പെടുത്തുന്നത്.