വയനാട് : പേരിയയിൽ ഏറ്റുമുട്ടലിനിടെ അറസ്റ്റിലായ മാവോവാദികളായ ചന്ദ്രുവും, ഉണ്ണിമായയും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് (Police Questioned Periya Maoists). തങ്ങൾ ഉയർത്തുന്ന പ്രത്യയശാസ്ത്രമാണ് ശരിയെന്നും മറ്റൊരു സംവിധാനത്തോടും തങ്ങൾക്ക് യോജിപ്പില്ലെന്നുമാണ് ഇരുവരും പറയുന്നത്. ഇരുവരെയും വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരും.
2019 മാർച്ച് 6ന് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ സി പി ജലീലിനൊപ്പം എത്തിയ മൂന്ന് പേരിൽ ഒരാൾ ചന്ദ്രുവായിരുന്നു. അന്ന് പൊലീസുമായി മാവോവാദികൾ ഏറ്റുമുട്ടുകയും ജലീൽ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട ചന്ദ്രു പിന്നീട് പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ബാണാസുര ദളം കേന്ദീകരിച്ചാണ് ചന്ദ്രു പ്രവർത്തിച്ച് വരുന്നത്.
പേരിയയിൽ ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വനമേഖലയ്ക്ക് പുറമെ കർണാടക വനമേഖലകളിലും തെരച്ചിൽ നടത്തുന്നുണ്ട്. തിരുനെല്ലി, തലപ്പുഴ, പേരിയ, നിർവിൽപ്പുഴ, ബാണാസുര, കുറ്റ്യാടി, കണ്ണവം, ആറളം തുടങ്ങിയ വനഭാഗങ്ങളിലൊക്കെ നിരവധി വിങ്ങുകളായി തരംതിരിഞ്ഞാണ് പൊലീസും തണ്ടർബോൾട്ടും തെരച്ചിൽ നടത്തുന്നത്.
മക്കിമല പേരിയ കാടുകളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചും ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നതായി സൂചനയുണ്ട്. കർണാടക ജില്ലയിലെ കുട്ട, മാക്കൂട്ടം, ഗോണികുപ്പ് ഉൾപ്പടെയുള്ള വനപ്രദേശങ്ങളിൽ കർണാടക പൊലീസിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്.
Also read: മാവോയിസ്റ്റ് അറസ്റ്റ്: പിടിച്ചെടുത്തതില്‍ സൈന്യത്തിന്‍റെ ആയുധങ്ങളും, അന്വേഷണം
മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം: ഏറ്റുമുട്ടലിനിടെ അറസ്റ്റിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പിടിച്ചെടുത്തവയില്‍ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുണ്ട്. പിടികൂടിയ നാല് തോക്കുകളിൽ ഒന്ന് എകെ 47 നാണ്. ഇവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഇതരസംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും ഇവർക്ക് ആയുധങ്ങളെത്തിച്ചതായും നിഗമനമുണ്ട്. സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങള്‍ കേരളത്തിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
അറസ്റ്റിലായ ഇരുവരെയും കർണാടക, തമിഴ്‌നാട് പൊലീസ് സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കേരള പൊലീസിന് നൽകിയ കസ്റ്റഡി കാലയളവിലാണ് ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യുക.
കഴിഞ്ഞ നവംബർ 7ന് രാത്രിയാണ് പേരിയയിൽ പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രദേശത്തുള്ള വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച് മടങ്ങവെ പൊലീസ് ഇവരെ വളയുകയായിരുന്നു.
കീഴടങ്ങാത്തതിനെ തുടർന്ന് വെടിവയ്പ്പുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ ശക്തമായ സുരക്ഷയും തെരച്ചിലും ഏർപ്പെടുത്തി.