വയനാട് : സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പരത്തിയ പിഎം2 കാട്ടാനയെ മയക്കുവെടിവച്ച് തളച്ച് മുത്തങ്ങയിലെ കൂട്ടിലെത്തിച്ചു. ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് വനപാലകര്‍ ആനയെ മയക്കുവെടിവച്ച് പിടികൂടിയത്. കുപ്പാടി വനമേഖലയ്‌ക്ക് സമീപത്തുവച്ച് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവച്ചത്.
തുടര്‍ന്ന് ലോറിയില്‍ കനത്ത സുരക്ഷയിലാണ് ആനയെ മുത്തങ്ങയിലുള്ള ആനപ്പന്തിയിലേക്ക് എത്തിച്ചത്. ആനയ്‌ക്ക് മയക്കുവെടിയേറ്റതിന് പിന്നാലെ തന്നെ തുടര്‍നടപടികളും അധികൃതര്‍ സ്വീകരിച്ചു. പിഎം2 വിനെ കൊണ്ട് പോകുന്നതിനായി ജെസിബി ഉപയോഗിച്ച് വഴിയൊരുക്കിയാണ് ലോറി വനത്തിനുള്ളിലേക്ക് എത്തിച്ചത്.
More Read: കാട്ടാന അര്‍ധരാത്രി ടൗണിലെത്തി: കാല്‍നട യാത്രികനെ തുമ്പിക്കൈ കൊണ്ട് അടിച്ച് തെറിപ്പിച്ചു
ബത്തേരിയില്‍ നിന്ന് 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാണ് പിഎം2 വിനെ മാറ്റിയത്. വനമേഖലയിലും ഇടയ്‌ക്ക് ജനവാസമേഖലയിലുമായി നീങ്ങിയിരുന്ന ആന കുറച്ചുദിവസമായി വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. പിഎം2 വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും പിടികൂടാനുള്ള ദൗത്യം സങ്കീര്‍ണമാക്കി. അതേസമയം ആനയെ പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.