വയനാട്: ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കൊല്ലം ജില്ലയിൽ പട്ടികവർഗ വിഭാഗത്തിലുള്ള 2009 കുട്ടികൾ എസ്‌എസ്‌എൽസി ജയിച്ചിട്ടുണ്ടെങ്കിലും 529 സംവരണ സീറ്റുകൾ മാത്രമാണുള്ളത്. വയനാട്ടിൽ പട്ടിക വിദ്യാർഥികൾക്ക് വേണ്ടി സംവരണം ചെയ്‌തിട്ടുള്ള 529 സീറ്റിൽ 317 സീറ്റാണ് ഹ്യുമാനിറ്റീസ്- കൊമേഴ്‌സ് വിഷയങ്ങൾക്കുള്ളത്. 212 സീറ്റാണ് സയൻസ് വിഷയങ്ങൾക്ക് മാറ്റി വച്ചിട്ടുള്ളത്. അധികം കുട്ടികളും ഹ്യുമാനിറ്റീസ് വിഷയങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ സംവരണ സീറ്റുകൾ ആനുപാതികമായി വർധിപ്പിക്കണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.
മറ്റ് ജില്ലകളിൽ അലോട്ട്മെന്‍റിന് ശേഷം അധികമായി വരുന്ന പട്ടികവർഗ സീറ്റുകൾ വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് നൽകണമെന്നും ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ അധികം കുട്ടികൾക്കും പഠിക്കാൻ അവസരമില്ലാതെ വരുമെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ സംസ്ഥാനതല സമരം സംഘടിപ്പിക്കാനും ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്. ഉന്നത പഠനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാനോ, ഫീസടക്കാനോ ഉള്ള സൗകര്യം പട്ടികവർഗ വിഭാഗത്തിലുള്ള പല വിദ്യാർഥികൾക്കും ഇല്ലെന്നും ആദിവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.