വയനാട്: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സുൽത്താൻ ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എന്‍.എച്ച് 766 പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ അടുത്ത മാസം അഞ്ചിന് യു.ഡി.എഫ്. 24 മണിക്കൂർ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക അതിർത്തിയായ മൂലഹളളിയിൽ ജില്ലയിലെ എം.എല്‍.എമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പ്രതിഷേധ സംഗമവും നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂൽപ്പുഴയിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കും.
ഈ മാസം 28ന് മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ മിനി സിവിൽ സ്റ്റേഷൻ മാർച്ച് നടത്തും. 30ന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക അതിർത്തിയിലേക്ക് ലോങ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.