വയനാട്: വയനാട്ടിലെ പുരാതനമായ പാക്കം സ്രാമ്പി നിലംപൊത്തി. കൊളോണിയൽ യുഗത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന സ്‌മാരകമായിരുന്നു പാക്കം സ്രാമ്പി. ബ്രീട്ടിഷ് ഭരണകാലത്ത് 1886 ൽ പാക്കം വനത്തിൽ പണി കഴിപ്പിച്ചതാണ് സ്രാമ്പി. ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വനം മേൽനോട്ടത്തിനും മൃഗവേട്ടക്കും വേണ്ടിയെല്ലാമാണ് ഇതുണ്ടാക്കിയത്.
സ്രാമ്പി എന്ന വാക്ക് കന്നടയിൽ നിന്നാണ് എത്തിയത്. കുടിൽ എന്നാണ് അർഥം. പൂർണമായും തേക്കിൻതടിയിലായിരുന്നു കെട്ടിട നിർമ്മിതി. ഒന്നാം നിലയിലാണ് താമസ സൗകര്യങ്ങൾ. മുകളിലേക്ക് പടികളും ഉണ്ടായിരുന്നു. പാക്കത്തെ സ്രാമ്പിയിൽ വൈസ്രോയിമാരും പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്. പലകകൾ നിരത്തി രണ്ട് നിലകളിൽ നിർമ്മിച്ച സ്രാമ്പിയിൽ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു.
ഉയർന്ന മേൽകൂരയിൻ ഓട് വിരിച്ച് അനവധി തേക്ക് കാലുകളാണ് സ്രാമ്പിയെ താങ്ങി നിർത്തുന്നത്. കാട്ടാനയും മറ്റും കുത്തിയാൽ പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതങ്ങളുടെ നിർമ്മിതി ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. വയനാടൻ സ്രാമ്പികളിൽ ഏറ്റവും വലുതായിരുന്നു പാക്കം സ്രാമ്പി. ബ്രിട്ടീഷുകാർ ഇത്തരത്തിൽ വയനാടിന്‍റെ പല ഭാഗങ്ങളിലും വനത്തിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മുത്തങ്ങ, തോൽപ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലും സ്രാമ്പികൾ ഉണ്ട്. പാക്കം സ്രാമ്പി അതേ മാതൃകയിൽ വീണ്ടും നിർമ്മിക്കാനുള്ള പദ്ധതി വനം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്. ഇതിനായി തകർന്ന സ്രാമ്പിയുടെ അവശിഷ്ടങ്ങൾ നശിച്ച് പോവാത്ത രീതിയിൽ സൂക്ഷിച്ചു വെക്കും.