വയനാട്: അഞ്ച് വര്‍ഷമായി വിദേശത്ത് നരകയാതന അനുഭവിക്കുന്ന സിസ്റ്റര്‍ ദീപയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മാനന്തവാടി ബിഷപ്പ് ഹൗസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇംഗ്ലണ്ടില്‍ ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ സിസ്റ്റര്‍ ഇപ്പോള്‍ മാനസിക രോഗിയായെന്നും നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണമെന്നും ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി കുടുംബം സഭാ ഓഫീസുകളില്‍ കയറി ഇറങ്ങുകയാണ്. എന്നാല്‍ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയതെന്ന് കുടുംബം പറയുന്നു.
വയനാട് നിരവില്‍പ്പുഴ കല്ലറ ജോസ്- തങ്കമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ദീപ. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലെ മഠത്തില്‍ സേവനം അനുഷ്‌ഠിക്കാന്‍ എത്തിയ സിസ്റ്റര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് പിന്നീട് കടന്നു പോയത്. പീഡനം സഹിക്കാന്‍ കഴിയാതെ മഠം വിട്ടിറിങ്ങിയെങ്കിലും നാട്ടിലേക്ക് വരാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുകയാണ്. കൃത്യമായ ചികിത്സ നല്‍കാനോ നാട്ടിലേക്ക് തിരിച്ചെത്തിക്കാനോ സഭ ഇടപ്പെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സിസ്റ്ററെ മഠത്തിലെ പദവികളില്‍ നിന്നും നീക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു. പതിനെട്ട് വര്‍ഷം സഭക്ക് വേണ്ടി സേവനം ചെയ്‌തിട്ടും സഭ തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.