വയനാട്: മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂര്‍ റോഡ് ജംഗ്ഷൻ ഇനി ഇന്ത്യന്‍ ക്രിക്കറ്റര്‍ മിന്നു മണിയുടെ പേരില്‍ അറിയപ്പെടും. മൈസൂര്‍ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേരു നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൈസൂര്‍ റോഡിനോട് ചേര്‍ന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയാണ് മിന്നു മണി.
അടുത്തിടെ ഇന്ത്യയ്‌ക്കായി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയ 24-കാരിയായ മിന്നു മണി മികച്ച പ്രകടനവുമായി ടീമിന് മുതല്‍ക്കൂട്ടായിരുന്നു. ഇതിന്‍റെ പശ്ചാചാത്തലത്തില്‍ മിന്നു മണിയോടുള്ള ആദരസൂചകമായാണ് മാനന്തവാടി - മൈസൂര്‍ റോഡ് ജംഗ്ഷന്‍റെ പേര് മിന്നു മണി ജംഗ്ഷനെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷന്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ, മാനന്തവാടി-മൈസൂർ റോഡിന് മിന്നു മണിയുടെ പേരിടാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ റോഡ് പിഡബ്ലിയുഡി വകുപ്പിന് കീഴിലായതിനാല്‍ കൂടിയാലോചനയ്‌ക്ക് ശേഷം നഗരത്തിലെ പ്രധാന നഗരത്തിന് മിന്നു മണിയുടെ പേരുനല്‍കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.
അതേസമയം അടുത്തിടെ അവസാനിച്ച ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം നടത്തിയത്. ഇതോടെ ഇന്ത്യയ്‌ക്കായി ടി20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി താരമാവാനും മിന്നുവിന് കഴിഞ്ഞു. പരമ്പര 2-1ന് ഇന്ത്യ നേടുകയും ചെയ്‌തിരുന്നു. തന്‍റെ ആദ്യ മത്സത്തിലെ അദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ടായിരുന്നു ഓള്‍ റൗണ്ടറായ മിന്നു മണി തന്‍റെ വരവ് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റുകളാണ് വയനാട്ടുകാരി നേടിയത്. മൂന്നാം ടി20യിലും രണ്ട് വിക്കറ്റുകളുമായി മിന്നു തിളങ്ങിയിരുന്നുവെങ്കിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഈ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ മിന്നുവിന് കഴിഞ്ഞിട്ടുണ്ട്.
തന്‍റെ പത്താം വയസ്സിൽ ആൺകുട്ടികളോടൊപ്പം വീടിനടുത്തുള്ള നെൽവയലിലാണ് മിന്നു മണി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. തുടര്‍ന്ന് ഇടപ്പാടി സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേര്‍ന്നതോടെയാണ് മിന്നുവിന് കളി കാര്യമായത്. 16-ാം വയസില്‍ കേരള ക്രിക്കറ്റ് ടീമില്‍ ഇടം ലഭിച്ച താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കേരള ടീമുകളിൽ കഴിഞ്ഞ 10 വർഷമായി സ്ഥിരാംഗമാണ് മിന്നു മണി.
വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായാണ് മിന്നു മണി കളിക്കുന്നത്. താര ലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മിന്നുവിനെ കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഇടങ്കയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ആകെ മൂന്ന് മത്സരങ്ങളിലാണ് അവസരം ലഭിച്ചത്.