വയനാട്: വയനാട് ബത്തേരി വാകേരിയിൽ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തിൽ കണ്ടാലറിയുന്ന നാലുപേർക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ വാകേരിയിലാണ് സംഭവം. പ്രദേശത്തെ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാവിന്‍റെ വസ്ത്രങ്ങൾ ഊരിമാറ്റി നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു. വടികൊണ്ടും കമ്പികൊണ്ടുമുള്ള മർദ്ദനത്തിൽ യുവാവിന്‍റെ ഇടത് കൈ ഒടിഞ്ഞു. പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റ യുവാവ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതിക്രൂരമായാണ് തന്നെ മർദ്ദിച്ചതെന്നും നഗ്നദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചെന്നും മർദ്ദനമേറ്റ യുവാവ് പറയുന്നു.
സംഭവത്തിൽ യുവാവ് നൽകിയ പരാതിയിൽ കണ്ടാലറിയുന്ന നാലുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുപതോളം പേർ മർദ്ദിച്ചതായാണ് പരാതി പറയുന്നത്. ഗൗരവകരമായ അന്വേഷണമാവശ്യപ്പെട്ട് മർദ്ദനമേറ്റ ആളുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അതേ സമയം പ്രദേശത്ത് മുൻപും സദാചാര ആക്രമണം നടന്നതായി പരാതിയുണ്ട്.