വയനാട്: ജില്ലയില്‍ കുരങ്ങുകളുടെ എണ്ണം കുറച്ച് കുരങ്ങുപനി നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന് വിദഗ്‌ധർ. ഘട്ടം ഘട്ടമായി മാത്രമേ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാനാകൂവെന്നാണ് കേരള വെറ്ററിനറി സർവകലാശാലയിലെ വിദഗ്‌ധരുടെ അഭിപ്രായം.
കാടും നാടും ഇടകലർന്ന ജില്ലായായതിനാൽ വയനാട്ടിൽ കുരങ്ങുകളുടെ എണ്ണം ഉടനടി കുറക്കാൻ സാധിക്കില്ല. കുരങ്ങുകളെ വന്ധ്യംകരിച്ച് ക്രമേണ എണ്ണം കുറയ്ക്കാം . ഇതിന് സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കേരള വെറ്ററിനറി സർവകലാശാലയിലെ ഡോ.ജോർജ് ചാണ്ടി പറഞ്ഞു. വന്യജീവികളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യുന്നത് ഒഴിവാക്കിയാൽ കുരങ്ങുകൾ നാട്ടിലേക്കിറങ്ങുന്നത് നിയന്ത്രിക്കാനാകുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു .