വയനാട്: പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വേൽമുരുകന്‍റെ കുടുംബം കോടതിയെ സമീപിച്ചു. കൽപ്പറ്റ ജില്ലാ കോടതിയിൽ വേൽമുരുകന്‍റെ സഹോദരൻ അഡ്വ. മുരുകൻ ആണ് ഹർജി നൽകിയത്.
പടിഞ്ഞാറത്തറ ബാണാസുര മലയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്നും പൊലീസിൻറെ ഏകപക്ഷീയ വെടിവെപ്പിലാണ് വേൽമുരുകൻ മരിച്ചത് എന്നുമാണ് കുടുംബാംഗങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിലപാട്. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് വേൽമുരുകന്‍റെ സഹോദരൻ ജില്ലാ കോടതിയിൽ ഹർജി നൽകിയത്. സംഭവം സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കളും, മനുഷ്യാവകാശ പ്രവർത്തകരും ഉദ്ദേശിക്കുന്നുണ്ട്.
വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് സിപി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ വെള്ളപൂശാൻ മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിച്ചുവെന്നും ജലീലിന്‍റെ സഹോദരൻ കൂടിയായ സിപി റഷീദ് പറഞ്ഞു. ഇതിനെതിരെ ജലീലിന്‍റെ കുടുംബാംഗങ്ങളും, വേൽമുരുകന്‍റെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഈ മാസം 18 ന് വയനാട് കലക്ട്രേറ്റിനു മുന്നിൽ ഏകദിന നിരാഹാരം നടത്തുമെന്നും റഷീദ് പറഞ്ഞു.