വയനാട്: വയനാട് തൊണ്ടര്‍നാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മട്ടി ലയത്തിന് സമീപം പന്നിപ്പാട് കോളനിയില്‍ ചൊവ്വാഴ്‌ച വൈകുന്നേരമാണ് ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മാവോയിസ്റ്റുകളെ ആദ്യം കണ്ടത്.
മാവോയിസ്റ്റുകൾ കോളനി നിവാസികളോട് സൗഹൃദ സംഭാഷണം നടത്തി മടങ്ങിയെങ്കിലും രാത്രിയോടെ വീണ്ടും കോളനിയിലേക്ക് ചെന്നു. ഒരു പുരുഷനും, മൂന്ന് സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോളനിയില്‍ നിന്ന് മൊബൈല്‍ ഫോണും, പവര്‍ ബാങ്കും ചാര്‍ജ് ചെയ്‌ത ശേഷം കുടിക്കാന്‍ ചായ ആവശ്യപ്പെട്ടു.
വീടുകളില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. മാവോയിസ്റ്റുകളായ സുന്ദരിയും സന്തോഷും അടങ്ങുന്ന സംഘമാണ് കോളനിയില്‍ വന്നത് എന്നാണ് പൊലീസിന് ലഭ്യമായ വിവരം. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പൊലീസ് യുഎപിഎ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.