വയനാട്: വയനാട്ടിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസും തണ്ടർബോൾട്ടും വനത്തിൽ വീണ്ടും പരിശോധന തുടങ്ങി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ വനത്തിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപമാണ് ഇന്നലെ മാവോയിസ്റ്റായ വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം അഞ്ചു പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകിയ വിവരം. ഇവർക്കു വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്.
ബാലിസ്റ്റിക് പരിശോധനയും ഇന്ന് നടക്കും.ഏത് തോക്കിൽ നിന്ന് വെടി ഉതിർത്തു, എത്ര റൗണ്ട് വെടിവെച്ചു, ഏതുതരം ഉണ്ടയാണ് ഉപയോഗിച്ചത് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. 0.303 റൈഫിളാണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. കൊല്ലപ്പെട്ട വേൽമുരുകന്‍റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. വേൽ മുരുകനെതിരെ തമിഴ് നാട്ടിലും കേരളത്തിലുമായി ഒട്ടേറെ കേസുകൾ ഉണ്ട്. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടു പാടം, വൈത്തിരി എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്.