കല്‍പ്പറ്റ: എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെ തല്ലും തലോടലും നൽകിയാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് പ്രതികരിച്ചത്. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ ഇത്തവണ യുഡിഎഫിനാണ് മേൽക്കൈ. 23 പഞ്ചായത്തുകളിൽ 17ലും യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ 15 പഞ്ചായത്തുകളാണ് എല്‍ഡിഎഫ് നേടിയത്.
കഴിഞ്ഞ തവണ നഗരസഭകൾ മൂന്നും ഇടതുമുന്നണി നേടിയപ്പോൾ ഇത്തവണ മൂന്നില്‍ രണ്ടും തുണച്ചത് യുഡിഎഫിനെയാണ്. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇത്തവണ രണ്ടെണ്ണം യുഡിഎഫിനും രണ്ടെണ്ണം ഇടതുമുന്നണിക്കൊപ്പവുമാണ് നിന്നത്. സുൽത്താൻ ബത്തേരി നിലനിർത്തിയതിനൊപ്പം മാനന്തവാടിയും ഇടതുമുന്നണി നേടി. പനമരവും, കൽപ്പറ്റയുമാണ് യു.ഡി.എഫ് നിലനിർത്തിയത്. എപ്പോഴും യുഡിഎഫ് ആധിപത്യം പുലർത്തിയിരുന്ന ജില്ലാ പഞ്ചായത്ത് പക്ഷെ ഈ തിരഞ്ഞെടുപ്പിൽ പതിവ് തെറ്റിച്ചു. 16 ഡിവിഷനുകളിൽ എട്ട് എണ്ണം മാത്രമേ യുഡിഎഫിന് നേടാനായുള്ളു. എട്ട് എണ്ണ ത്തിൽ എല്‍ഡിഎഫ് മുന്നിലെത്തി.
തരിയോട്, പനമരം, കോട്ടത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ എന്‍ഡിഎ നേടിയിരുന്നു. ഇത്തവണയും അത്രയും സീറ്റുകൾ എന്‍ഡിഎക്ക് നേടാനായി. എൽജെഡിയുടെ സാന്നിധ്യം വലിയ രീതിയിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.