വയനാട്: സംസ്ഥാന സര്‍ക്കാരിൻ്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്തക്കളുടെ ഒത്തുചേരലുകൾക്ക് വയനാട് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമവും അദാലത്തും നടന്നത്. മന്ത്രി വി.എസ് സുനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആകെ 11,227 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചത്.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തും. ഇതിന് മുന്നോടിയായാണ് ജില്ലകളില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തുന്നത്. വീടുകള്‍ക്കൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതോപാധികളും കണ്ടെത്തി നല്‍കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. ആക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങളും അദാലത്തില്‍ ലഭ്യമാവും.