കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിന് വേണ്ടി തലപ്പുഴ ബോയ്‌സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിയോടെ അസാധുവായതായി, മടക്കിമല മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ. വാല്യൂ ഓഫ് ഇംപ്രൂവ്മെന്‍റ് അഡ്വാൻസായി രണ്ടു കോടി രൂപ നൽകി 65 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം.
യഥാർഥ വില നൽകാതെ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ ഭൂവുടമ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലിൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ 10/6/2022 ലെ വിധിയിലാണ് നിലവിലുള്ള ഏറ്റെടുക്കൽ നടപടി അസാധുവാക്കിയത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ ഉത്തരവോടെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽ സർക്കാരിനുണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഫലത്തിൽ ഇല്ലാതെയെന്ന് ആക്ഷന്‍കമ്മിറ്റി വ്യക്തമാക്കി.
സര്‍ക്കാറിന് വിനയാവും: WP 196/16 നമ്പർ കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കയ്യിലുണ്ടായിരുന്ന ഭൂമി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കൈമാറി 2022 മാർച്ച് 14നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിട്ടത്. ഇത് ഉൾപ്പെടെ എല്ലാം ജല രേഖകളായി മാറി. ഈ സാഹചര്യത്തിൽ ബോയ്‌സ് ടൗണിലെ ഭൂമി ഏറ്റെടുക്കണമെങ്കിൽ ഇനി നിയമപ്രകാരമുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഒന്നു മുതൽ തുടങ്ങണം.
2013ലെ എൽ.എ.ആർ.ആർ ആക്‌ട് പ്രകാരം, ഏതൊരു ആവശ്യത്തിന് വേണ്ടിയാണോ ഭൂമി ഏറ്റെടുത്തത് പ്രസ്‌തുത ആവശ്യത്തിനുവേണ്ടി മാത്രമേ ആ ഭൂമി വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ. ബോയ്‌സ് ടൗണിലെ ഭൂമി ഏറ്റെടുത്തത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയാണ്. അതുകൊണ്ട് ഈ സ്ഥലത്ത് മെഡിക്കൽ കോളജിന് കെട്ടിടം നിർമിക്കാൻ സാധ്യമല്ലെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ജൂൺ 10ലെ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു എന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഒരു തീർപ്പ് ഉണ്ടാക്കാൻ ചുരുങ്ങിയത് നാലഞ്ച് വർഷമെങ്കിലും വേണ്ടിവരും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ബോയ്‌സ് ടൗൺ ഭൂമിയെ സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്‍റെ ബലത്തിൽ സർക്കാർ മുമ്പ് ഭൂമി ഏറ്റെടുത്ത വാര്യാട് എസ്റ്റേറ്റുകൾ ഉൾപ്പെടെ 102 ഭൂവുടമകൾ ഹൈക്കോടതിയിൽ എത്തി.
വിമര്‍ശനവുമായി ആക്ഷന്‍ കമ്മിറ്റി: 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഇത്രയും ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ വില നൽകേണ്ടി വരും. ബോയ്‌സ് ടൗണിലെ ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാറിന് ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളജ് കെട്ടിടം നിർമിക്കാൻ അടിയന്തരമായി സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ജിനചന്ദ്രന്‍റെ നാമധേയത്തിൽ മെഡിക്കൽ കോളജ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വവും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയും മൗനം വെടിയണം. പാൽ ചുരത്തിനും, നെടുംപൊയിൽ ചുരത്തിനും, സമീപത്ത് വയനാടിന്‍റെ വടക്കേ അറ്റത്ത്, റിസർവ് വനത്തോട് ചേർന്ന് കിടക്കുന്ന ഭൂമി വീണ്ടും പൊന്നും വില കൊടുത്ത് വാങ്ങാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇക്കാര്യത്തിൽ ഉണ്ടായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പോലും ഭരണകക്ഷി മറച്ചുവച്ചത്.
കോടതിവിധി വരികയും ഭൂമി ഏറ്റെടുക്കാൻ നടപടി റദ്ദാവുകയും ചെയ്‌ത ശേഷം, ആക്ഷൻ കമ്മിറ്റി രംഗത്ത് ഇറങ്ങിയപ്പോൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് മാനന്തവാടി എം.എൽ.എ നാടകം കളിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാനന്തവാടി ജില്ലാ ആശുപതിയെ നിശ്ചലമാക്കിയും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലേക്ക് മാറിയ ബോയ്‌സ് ടൗൺ ഭൂമിയിൽ മെഡിക്കൽ കോളജ് വരുമെന്നും പറഞ്ഞും മാനന്തവാടി നിയോജകമണ്ഡലത്തിലെ ജനങ്ങളെ ഭരണനേതൃത്വം വഞ്ചിക്കുകയാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി, വിജയൻ മടക്കിമല, വി പി അബ്‌ദുൽ ഷുക്കൂർ ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു.