കൽപ്പറ്റ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക്ക് ആലത്തിന് (Ashafaq Alam) വിധിച്ച വധശിക്ഷ സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ (K Surendran On Aluva Girl Rape Murder Verdict). ശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കരുതെന്നും, വധശിക്ഷ പെട്ടെന്ന് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിച്ചത് പരമാവധി ശിക്ഷ : ശിശുദിനത്തിലാണ് ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലായാണ് വധശിക്ഷയും 5 ജീവപര്യന്തവും പിഴയും അടക്കമുള്ള ശിക്ഷാ വിധി. ഹൈക്കോടതിയുടെ അനുമതി പ്രകാരമാണ് വധശിക്ഷ നടപ്പാക്കേണ്ടത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി അസ്‌ഫാക്ക് ആലം കുറ്റക്കാരനാണെന്ന് 2023 നവംബർ നാലാം തീയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞതോടെയാണ് പ്രതി അസ്‌ഫാക്ക് ആലത്തിന് പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവം: ഇരുപത്തിയേഴുകാരനായ പ്രതിക്ക് തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതിയുടെ മുൻകാല ചരിത്രവും സുപ്രീം കോടതിയുടെ വിധിന്യായങ്ങളും നിരത്തി ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്. അപൂർവ്വങ്ങളിൽ അപൂർവമെന്ന പരിഗണനയ്ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനനത്തിൽ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
നൂറാം ദിവസം വിധി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
Also Read: ആലുവയിലെ കൊലയാളിയെ ഒന്നല്ല പലതവണ തൂക്കിലേറ്റണം; പിറക്കാനിരിക്കുന്ന പെണ്‍കുട്ടികളും സുരക്ഷിതരാകണം
വിവിധ വകുപ്പുകള്‍ അനുസരിച്ചുള്ള വിധി : അസ്‌ഫാക്ക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ഉൾപ്പടെ പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. 2023 ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടുപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.