മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷണം നടത്തുന്നയാൾ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം ഇൻസ്പെക്‌ടർ ജോബി തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജനുവരി 10-ാം തീയതി മലപ്പുറം ഓർക്കിഡ് ഹോസ്‌പിറ്റലിൽ ചികിത്സക്കെത്തിയ 3 വയസുള്ള കുട്ടിയുടെ സ്വർണ്ണമാലയും, ജനുവരി 11-ാം തീയതി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 9 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ മാലയും മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ALSO READ: അതിക്രൂരം, പൈശാചികം: വായില്‍ തുണി തിരുകി ബന്ധിച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു
മോഷണ മുതലുകൾ മണ്ണാർക്കാട്, തിരൂർ എന്നിവിടങ്ങളിൽ ഉള്ള ജുവലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മലപ്പുറം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ 15-ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മലപ്പുറം ഡി.വൈഎസ്.പി പ്രദീപ് കുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്‌ടർ ജോബി തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.