സുൽത്താൻ ബത്തേരി: വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഹര്‍ഷാദലി (33) ആണ് പൊലീസ് പിടിയിലായത്. കുപ്പാടി സ്വദേശിയായ അമല്‍ദേവ് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഹര്‍ഷാദലി വിജിലന്‍സ് ഓഫിസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച് 55,000 രൂപ വില വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വയനാട്ടിലും കേരളത്തിലെ മറ്റ് ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിന് വ്യക്തമായി. പല ആവശ്യങ്ങൾ കാണിച്ചും വാഗ്‌ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പ്രതിയുടെ രീതിയെന്നും ഇയാൾക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ബത്തേരി പൊലീസ് അറിയിച്ചു.