വയനാട്: പുൽപ്പള്ളിയിൽ കടുവയെ തുരത്തുന്നതിനിടെ രണ്ട് വനപാലകർക്ക് പരിക്കേറ്റു. ചെതലയം റെയ്ഞ്ചർ ശശികുമാർ, ഡ്രൈവർ മാനുവൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ വീട്ടിമൂലയിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പള്ളിച്ചിറ രാമകൃഷ്ണന്‍റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടർന്ന് വനം വകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പ്രത്യേക സ്ക്വഡുകളായി തിരിഞ്ഞ് കടുവയെ കൃഷിയിടത്തിൽ നിന്ന് ഉൾവനത്തിലേക്ക് തുരുത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടുവ വനപാലകരെ ആക്രമിച്ചത്.