വയനാട്: വയനാട്ടിലെ പരമ്പരാഗത ആദിവാസി വിഭവങ്ങളുടെ രുചി നുകരാൻ ആഗ്രഹമുള്ളവർക്ക് ഇനി മാനന്തവാടിയിലേക്ക് വരാം. നഗരസഭയും കുടുംബശ്രീയും ചേർന്ന് സംയുക്തമായി തുടങ്ങിയ ഭക്ഷ്യമേളയിൽ ആണ് വൈവിധ്യങ്ങളായ ആദിവാസി വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്.
താളും തകരയും എന്ന പേരിലാണ് ഭക്ഷ്യമേള. വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന ഭക്ഷണം നല്ല ഫ്രഷ് ആയി തന്നെ ഇവിടെ നിന്ന് ആസ്വദിക്കാം .വയലിൽ നിന്ന് പിടിച്ച ഞണ്ടും ചീരയും ചേർത്ത റോസ്റ്റ് ആണ് തിരുനെല്ലി യൂണിറ്റിൻ്റെ സ്പെഷ്യൽ വിഭവം. ഒപ്പം ചേമ്പിൻതാൾ അച്ചാറും, ചുണ്ടങ്ങ കൊണ്ടാട്ടവും, തകരയില തോരനും ഇവിടെ നിന്ന് കിട്ടും. ഭക്ഷ്യമേള അടുത്ത ശനിയാഴ്ച സമാപിക്കും.