വയനാട്: വയനാട്ടിലെ വിവാഹവേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹവേദിയിൽ എത്തിച്ചത്. ആടിക്കൊല്ലികക്കുഴിയിൽ ടോമി-ഡോളി ദമ്പതിമാരുടെ മകൻ വൈശാഖാണ് വരൻ.
വധുവിനൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടു 10.20ന് പുൽപ്പള്ളി പഴശിരാജാ കോളജ് ഗ്രൗണ്ടിലിറങ്ങി. ബന്ധുക്കൾ ഞായ്യറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തിയിരുന്നു.
വിവാഹത്തിനു ശേഷം മൂന്ന് മണിയോടെ പുറപ്പെട്ട് 04.15ന് ഇടുക്കിയിൽ എത്തുകയും ചെയ്തു. മേയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റി വയ്ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടി വരുമെന്നതും കൊവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. വധു മരിയ മണ്ണുത്തിയിൽ കൃഷി ഓഫിസറാണ്.